വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ ശീലിക്കാം ; നമ്മൾക്ക് ആവശ്യമുള്ള പച്ചക്കറി സ്വയം ഉണ്ടാക്കാം

വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ ശീലിക്കാം ; നമ്മൾക്ക് ആവശ്യമുള്ള പച്ചക്കറി സ്വയം ഉണ്ടാക്കാം

1314
0
SHARE

മലയാളിയെ മാരക രോഗങ്ങൾക്കടിമയാക്കുന്ന വിഷം തളിച്ച പച്ചക്കറികളെ ഉപേക്ഷിക്കാം. വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.

ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്‌റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.

പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടിഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.

ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്‌റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.

പൂച്ചെടികളും പച്ചക്കറികളും വളര്‍ത്താന്‍ വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍

മുട്ടത്തോടും തേയിലച്ചണ്ടിയും ചെങ്കല്‍മണ്ണും ചേര്‍ത്ത് റോസാച്ചെടിയുടെ തടത്തില്‍ ഇട്ടാല്‍ അഴകും നല്ല വലിപ്പവുമുള്ള ധാരാളം റോസാപ്പൂക്കള്‍ ഉണ്ടാകും.പച്ചക്കറിച്ചെടികള്‍ പല തരത്തിലുണ്ട്. രണ്ട് മാസം കൊണ്ട് വിളവെടുക്കുന്നവയുണ്ട്. കുറഞ്ഞ കാലംകൊണ്ട് വിളവെടുക്കുന്നതും, കൂടുതല്‍ കാലം വിളവെടുപ്പിന് ആകുന്നതുമായ പച്ചക്കറിച്ചെടികള്‍ ഒരുമിച്ച് നടരുത്. അതിരാവിലെ ചീരയൊഴികെയുള്ള പച്ചക്കറികളുടെ ഇലകള്‍ നനച്ച് കരിമണ്ണ് വിതറിയാല്‍ പുഴു-കീടശല്യം ഗണ്യമായി കുറയും. പച്ചക്കറിച്ചെടികള്‍ക്ക്, വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്. ചുവന്ന ഉള്ളി, വെളുത്തുള്ളി തൊലി വളമായി ഉപയോഗിച്ചാല്‍ നല്ലൊരു കൃമിനാശിനിയാണ്. പെറ്റുണിയാ ചെടികള്‍ തൂക്കുചട്ടികളിലും സൂര്യപ്രകാശം കിട്ടുന്നിടത്തും ആരോഗ്യത്തോടെ വളര്‍ത്താം. ക്രോട്ടണ്‍ ചെടികളില്‍ അധികം വെയില്‍ തട്ടിയാല്‍ ഇലകളുടെ നിറം മങ്ങും. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തും. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍കഷണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതം ഇട്ട് കൊടുത്താല്‍ കറിവേപ്പില തഴച്ച് വളരും.

റോസാച്ചെടി പ്രൂണ്‍ ചെയ്യുമ്പോള്‍ ഉണങ്ങിയതും രോഗബാധയുള്ളതും കേട് വന്നതുമായ ശിഖരങ്ങള്‍ കോതിക്കളയുക. വഴിവിട്ട് നില്‍ക്കുന്നതും ദുര്‍ബലമായതുമായ കമ്പുകളും കോതി മാറ്റണം.ചാണകവും,മൂത്രവും കലര്‍ന്ന ജൈവവളമാണ് പച്ചക്കറി കൃഷിക്ക് നല്ലത്.റോസിന്റെ തണ്ടുകളില്‍ ശല്‍ക്ക കീടങ്ങളുടെ ഉപദ്രവത്തിന് കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തണ്ടില്‍ തേക്കണം. റോസ് വളര്‍ത്തുന്ന പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടികളില്‍ അല്‍പം കടുകുപൊടി വിതറിയശേഷം തണുത്തവെള്ളം ഒഴിക്കണം. ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയത് നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ച് കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ച് വളരും.

മഴക്കാലത്ത് നടുന്ന പച്ചക്കറികള്‍ക്ക് അരഅടി ഉയരത്തില്‍ തടങ്ങളും വേനല്‍ക്കാലത്ത് നടുന്നവയ്ക്ക് അരഅടി താഴ്ചയില്‍ ചാലുകളും വേണം.പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ പൂവെല്ലാം കായായി ധാരാളം പച്ചമുളക് കിട്ടും.വഴുതന,വെണ്ട,ചീര.മുളക്,പടവലം,തക്കാളി,കുമ്പളം,മത്തന്‍,പയര്‍ എന്നിവ വീട്ടുമുറ്റത്തും ടെറസ്സിലും വളര്‍ത്താം. ചിരട്ട വൃത്തിയാക്കി ഫാബ്രിക് പെയിന്റ് കൊണ്ട് ഡിസൈന്‍ ചെയ്താല്‍ കാക്റ്റസ് ഇനത്തിലുള്ള ചെടികള്‍ നട്ട് പിടിപ്പിക്കാനുള്ള ചട്ടിയായി ഉപയോഗിക്കാം.

ആർട്ടിക്കിൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്ത് കൂടുതൽ സുഹൃത്തുക്കളിലേക്കും എത്തിക്കൂ…

LEAVE A REPLY