ചിലവ് നന്നേ കുറച്ച് ഒരു വീട് സ്ക്വയര്‍ ഫീറ്റിന് 750, വീടിന്റെ ആകെ ചെലവ് 10...

ചിലവ് നന്നേ കുറച്ച് ഒരു വീട് സ്ക്വയര്‍ ഫീറ്റിന് 750, വീടിന്റെ ആകെ ചെലവ് 10 ലക്ഷം

1134
0
SHARE

ഹാഫിസ് എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ പോസ്റ്റ് ആണിത്. അദ്ദേഹം വളരെ ചെലവു കുറഞ്ഞ ഒരു വീടിനെ പരിചയപ്പെടുത്തുകയാണിവിടെ.

തന്‍റെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് പണിത ഈ വീടിനു, നാട്ടില്‍ പോലും തീരെ പരിചയം ഇല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രീ ശശികുമാര്‍ കാണിച്ച ചങ്കൂറ്റം അസാമാന്യം തന്നെ. പലവിധ മാധ്യമങ്ങളില്‍ കൂടി ഈ വീടിനെപറ്റി അറിഞ്ഞു വരുന്നവര്‍ക്ക് എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുക്കാന്‍ ശ്രീ ശശികുമാറും അദ്ധേഹത്തിന്റെ ഭാര്യയും ഇപ്പോഴും തയ്യാറാണ്.

കുതിച്ചുയരുന്ന ഭാവന നിര്‍മ്മാണ ചെലവ് മൂലം സ്വന്തം വീട് നിര്‍മാണം എന്ന സാഹസത്തിനു മടിച്ചു നില്‍ക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ശ്രീ ശശികുമാറിന്റെ ഈ വീട്.

എഴുന്നൂറ്റി അന്‍പതു രൂപ മാത്രം ചതുരശ്ര അടിക്ക് ചെലവ് വരുന്ന ഈ വീട് കാണുക. തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്കടുത്തു കടങ്കോട് മനപ്പടി എന്ന സ്ഥലത്തുള്ള ശേഖരത്ത് ശശികുമാര്‍ ആണ് ഈ വീടിന്‍റെ ഉടമസ്ഥന്‍.

ആയിരത്തി ഇരുനൂറ്റന്‍പതു ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന്‍റെ മൊത്തം നിര്‍മാണ ചെലവ് പത്ത് ലക്ഷം രൂപ മാത്രമാണ്. വീടിന്‍റെ മുന്‍ഭാഗത്ത്‌ കാണുന്ന കുഴല്‍ കിണറും അതിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോറും ഉള്‍പെടെയാണ് പത്തു ലക്ഷം രൂപ.

വീടിന്‍റെ തറ സാധാരണ ചെയ്യുന്നത് പോലെ കരിങ്കല്ലില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. ഉറച്ച മണ്ണുള്ള സ്ഥലത്ത് ബെല്‍റ്റിന്റെ ആവശ്യമില്ല. തറക്ക് മുകളില്‍ ചുമര്‍ കെട്ടുന്നതിലാണ് നിര്‍മാണചിലവ് കുറയ്ക്കുവാനുള്ള വിദ്യ ഉപയോഗിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ മധുരയില്‍ നിന്നും കൊണ്ടുവന്ന പ്രത്യേക തരം ഇന്റര്‍ ലോക്കിംഗ് ബ്രിക്ക് ആണ് ചുമര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 5x6x12 inch ആണ് കട്ടയുടെ അളവുകള്‍. നാല് സൈഡിലും ലോക്കുകള്‍ ഉണ്ട്. കണ്ടാല്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ആണെന്ന് തോനുമെങ്കിലും, ഈ കട്ടകള്‍ മുഴുവനായും കോണ്‍ക്രീറ്റ് അല്ല.

ഫ്ല്യആഷ്, കോള്‍വേസ്റ്റ്, സിമന്റ്‌ എന്നിവ ചേര്‍ത്തുണ്ടാക്കിയ ഒരു മിശ്രിതം കൊണ്ടാണ് ഈ കട്ടകള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് അറിവ്. കട്ടകള്‍ കാണാന്‍ നല്ല ഫിനിഷിംഗ് ഉണ്ട്. പ്രത്യേകം പരിശീലനം കിട്ടിയ തൊഴിലാളികളെ ആണ് ഇത്തരം കട്ടകള്‍ പണിയാന്‍ ഉപയോഗിക്കുന്നത്.

ഏറ്റവും അടിയില്‍ വയ്ക്കുന്ന കട്ട സിമന്റ്‌ ഉപയോഗിച്ച് നന്നായി ഉറപ്പിക്കണം. തുടര്‍ന്ന് മുകളിലേക്ക് കെട്ടുന്നത് സിമന്റ്‌ ഇല്ലാതെ ആണ്. കട്ടകളില്‍ ഉള്ള ലോക്കുകള്‍ ആണ് തുടര്‍ന്നുള്ള കട്ടകളെ കൂടിയിണക്കുന്നത്.

കട്ടകള്‍ക്ക് ഇടയിലുള്ള നേരിയ ഗാപ്പ്കള്‍ ചാന്തു ഉപയോഗിച്ച് അടച്ചിരിക്കുന്നു

മധുരയില്‍ നിന്നും ഒരു കട്ട തൃശ്ശൂരില്‍ എത്തുമ്പോഴേക്കും കട്ട ഒന്നിന് മുപ്പത്തി എട്ടു രൂപ ചെലവ് വരും. ഇറക്കു കൂലിഅടക്കമാണ് മുപ്പത്തി എട്ടു രൂപ. ഒരു കട്ട പണിയാന്‍ ഏഴു രൂപയാണ് കൂലി. ഓരോ ലയരിന്റെയും ഇടയില്‍ സിമന്റ്‌ ഉപയോഗിക്കാത്തത് കൊണ്ട് വളരെ വേഗത്തില്‍ തന്നെ പണി കഴിയും. മുകളില്‍ കാണിച്ചിരിക്കുന്ന വീടിന്‍റെ മൊത്തം കട്ട പണി ഏഴു ദിവസം കൊണ്ട് തീര്‍ന്നു.

ലിന്റല്‍ ഉയരം വരെ ഏഴു അടി അഞ്ച് ദിവസം കൊണ്ടാണ് തീര്നത്. മേല്‍ കാണിച്ചിരിക്കുന്ന വീടിനു മുഴുവന്‍ നീളത്തില്‍ ലിന്റല്‍ വാര്ത്തിട്ടുണ്ട്. ലിന്ടലിനു ശേഷമുള്ള ഉയരം രണ്ടു ദിവസം കൊണ്ട് തീര്‍ത്തു. റൂഫ് സാധാരണ പോലെതന്നെ നാല് ഇഞ്ച് സ്ലാബ് ആണ് വാര്തിരിക്കുന്നത്.

ഇനി ഇത്തരം കട്ടകള്‍ കൊണ്ട് വീട് പണിതാല്‍ ഏതെല്ലാം മാര്‍ഗത്തിലാണ് പണം ലാഭിക്കുന്നതെന്ന് നോക്കാം.

കട്ടകളുടെ ലോക്കുകള്‍ ഇല്ലാത്ത രണ്ടുവശവും നല്ല സ്മൂത്ത്‌ ആയതുകൊണ്ട് ചുമരുകള്‍ തേക്കേണ്ടതില്ല. തേപ്പു രണ്ടു വശവും ഒഴിവാക്കുന്നതോട് കൂടി, മണല്‍, സിമന്റ്‌ എന്നിവ കൂടാതെ വളരെ അധികം പണികൂലിയും ലാഭിക്കാം.

മറ്റൊരു പ്രധാനപ്പെട്ട ലാഭം വീട് പണി തീരാന്‍ എടുക്കുന്ന സമയം ആണ്. വീട് പണിക്കാവശ്യമായ മുഴുവന്‍ പണവും കയ്യിലുണ്ടെങ്കില്‍ ഒരു മാസം കൊണ്ട് വീട് പണി തീര്‍ക്കാം.

ഉപയോഗിച്ചിരിക്കുന്നത കട്ടകള്‍ക്ക് ആറു ഇഞ്ച് മാത്രം വീതി ഉള്ളത് കൊണ്ട് വീടിനുള്ളിലെ മുറികള്‍ക്ക് നല്ല വലിപ്പം ഉണ്ടാകും. സാധാരണ ഇഷ്ടിക ഉപയോഗിച്ചാല്‍ ചുമരിനു ഒന്‍പതു മുതല്‍ പത്തു ഇഞ്ച് വരെ കനം ഉണ്ടാകും.

പിന്നെ പണിയുന്ന കട്ടകളുടെ എണ്ണത്തിനു അനുസരിച്ചാണ് കൂലി എന്നതുകൊണ്ട്‌ കള്ളപ്പണി കുറയും. കൂടുതല്‍ ആശേരിമാര്‍ ഒരുമിച്ചു വന്നു ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ല.

സാധാരണ ഇന്റെര്‍ലോക് കട്ടകള്‍ ഉപയോഗിച്ച് പണിയുന്ന ചുമരിന്റെ മൂലകളില്‍ ചെയ്യുന്ന അല്പം സിമന്റ്‌ പണി ഇവിടെയും ആവശ്യമായിട്ടുണ്ട്.

മധുരയില്‍ നിന്നും ഒരു ലോഡില്‍ ആയിരത്തി നാനൂറു കട്ടകള്‍ ആണ് വരുന്നത്. ഈ വീട് പണിയാന്‍ ശശികുമാര്‍ മൂന്ന് ലോഡ് കട്ടയാണ് ഇറക്കിയത് (മൊത്തം നാലായിരത്തി ഇരുനൂറു കട്ട) കേചേരിയില്‍ ഉള്ള അനീഷ്‌ ആണ് തൃശ്ശൂരിലെ വിതരണക്കാരന്‍.

തമിഴ്നാട്ടില്‍ ഇത്തരം കട്ടയെ സുറുകട്ട എന്നാണ് പറയുന്നത്. ഈ കട്ട ഉപയോകിച്ച് തന്‍റെ സ്വപ്ന വീട് പണിയുന്നതിനു മുന്പ് ശശികുമാര്‍ വളരെ ശാസ്ത്രീയമായി തന്നെ കട്ടയുടെ ബലം പരിശോധിച്ചിരുന്നു. ഏകദേശം ഇരുപതു കിലോഗ്രാം ആണ് ഒരു കട്ടയുടെ ഭാരം. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ ആണ് കട്ട പണിക്കു കൂടുതല്‍ നല്ലത്.

തേപ്പു ഇല്ലെങ്കിലും അല്പം പെയിന്റിംഗ് കൂടി കഴിഞ്ഞപ്പോള്‍ വീടിന്‍റെ അകം മനോഹരം ആയിട്ടുണ്ട്‌.

ഒരു കാര്യം പറയാന്‍ വിട്ടുപോയി, വീടിന്‍റെ ഉള്‍വശത്ത് ചൂട് വളരെ കുറവുണ്ട്

കടപ്പാട് : Hafis 9895057208

കൂട്ടിച്ചേര്‍ക്കല്‍ (പത്തു ദിവസത്തിന് ശേഷം)(1-4-14)

സുഹൃത്തുകളെ; ശ്രീ ശശികുമാര്‍ പണിത ചെലവ് കുറഞ്ഞ വീടിനെ പറ്റിയുള്ള എന്‍റെ ബ്ലോഗ്‌ വളരെ അധികം ശ്രദ്ധേയമായതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ പത്തു ദിവസം കൊണ്ട് ഇരുപതിനായിരത്തില്‍ കൂടുതല്‍ ആളുകളാണ് ഈ പേജ് വിസിറ്റ് ചെയ്തത്. ദിവസവും അന്‍പതില്‍ കൂടുതല്‍ ആളുകള്‍ എന്നെ ഫോണില്‍ വിളിക്കാറുണ്ട്.

എനിക്കറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു തരാന്‍ ഒട്ടും മടിയില്ല എന്നാല്‍ ഈ ബ്ലോഗ്‌ നന്നായി വായിച്ചു ഇതില്‍ ഉള്‍ക്കൊള്ളിക്കാത്ത വിവരങ്ങള്‍ മാത്രം ചോതിക്കുകയാണെങ്കില്‍ വളരെ സന്തോഷം.

ഫോണില്‍ വിളിക്കുന്ന മിക്കവര്‍ക്കും പരാതി ശ്രീ ശശിയെ ഫോണില്‍ കിട്ടുന്നില്ല എന്നാണു. അദ്ധേഹത്തിന്റെ അവസ്ഥ അല്പം പരിതാപകരം ആണ്. ഒരു മാഗസിനില്‍ ഈ വീടിനെ പറ്റിയുള്ള വാര്‍ത്ത വന്നതിനുശേഷം തുടരേയുള്ള ഫോണ്‍ വിളികള്‍ മൂലം അദ്ദേഹം വിഷമിക്കുകയാണ്. ഈ ബ്ലോഗും കൂടി ആയപ്പോള്‍ അദ്ദേഹത്തിന് ഇരിക്കപ്പോറുതിയില്ല.

കുറച്ചു ചില കാര്യങ്ങള്‍ കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതുപോലുള്ള വീട് പണിതു തരാമോ എന്ന് ചോദിച്ചാണ് പലരും വിളിക്കുന്നത്‌, സുഹൃത്തുക്കളെ ഞാന്‍ ഒരു എഞ്ചിനീയറോ കോണ്ട്രാക്ടറോ അല്ല. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ചെറിയ തോതിലുള്ള സാമുഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ ഇന്‍ഫര്‍മേഷന്‍ ഷെയര്‍ ചെയ്യുന്നത്.

ഈ വീട് പണിയാന്‍ ഉപയോഗിച്ചിരിക്കുന്നത് മധുരയില്‍ നിന്നും കൊണ്ടുവന്ന സുറുകട്ട ആണെന്ന് പറഞ്ഞിരുന്നല്ലോ, ഈ കട്ടയുടെ ബലം വീട് പണിക്കു മുന്‍പുതന്നെ എഞ്ചിനീയറിംഗ് കോളേജിലും പോളി ടെക്നിക്കിലും ഉള്ള ലാബുകളില്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. അതുകൊണ്ട് കട്ടയുടെ ബലത്തിനെ പറ്റി ഒട്ടുംതന്നെ സംശയമില്ല.

എന്നാല്‍ പത്തോ പതിനഞ്ചോ കൊല്ലത്തിനു ശേഷം കട്ടക്ക് ബലക്ഷയം സംഭവിക്കുന്നുണ്ടോ എന്നും, കൂടാതെ ഈ കട്ടയില്‍ ഉപയോഗിച്ചിരിക്കുന്നു എന്ന് പറയുന്ന കെമിക്കല്‍ മനുഷ്യ ശരീരത്തിന് ഹാനികരം ആണോ എന്നൊക്കെയാണ് ഇനി അറിയേണ്ടത്.

ഇതിനായി മധുരയില്‍ കോണ്ടാക്റ്റ് ഉള്ള രണ്ടു പേരോട് ഈ വിവരം അന്വഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവരില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ഒട്ടും താമസമില്ലാതെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്.

കൂടാതെ ഈ കട്ടയെ കുറിച്ച് മധുരയില്‍ അന്വേഷിച്ച ഒരാള്‍ പറഞ്ഞത് “ സുറുകട്ട എന്ന പേരില്‍ മധുരയില്‍ ലഭിക്കുന്ന കട്ട നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന ചെറിയ ഇഷ്ട്ടികയുടെ വലിപ്പത്തിലുള്ള കട്ട ആണെന്നും ഇന്റെര്‍ലോക്കിംഗ് കട്ട അല്ലെന്നുമാണ്”.

ഇതില്‍ നിന്നും മനസ്സിലാകുന്നത്‌. മധുരയില്‍ വ്യാപകമായി ഇത്തരം കട്ടകള്‍ ഉണ്ടാക്കുന്നില്ലാ എന്നാണു.

തേപ്പു കഴിയാത്ത ചുമര്‍ ഇഷ്ടമല്ലാത്ത ആളുകള്‍ക്കുവേണ്ടി;

ഇന്റെര്‍ലോക്കിംഗ് ബ്രിക്ക് കൊണ്ട് പണിത ചുമരുകള്‍ തേക്കുന്നതിന്നു പകരം ജിപ്സം കൊണ്ട് മനോഹമായി പ്ലാസ്റ്റെര്‍ ചെയ്യാമെന്നും അതിനു ചിലവു കുറവാണെന്നും ഒരു സ്നേഹിതന്‍ അഭിപ്രായം പറയുന്നുണ്ട്, അദ്ദേഹം തന്ന ഒരു പിക്ചര്‍ ഞാന്‍ ഇടാം.

ജിപ്സം പ്ലാസ്റ്റെര്‍ താല്പര്യം ഉള്ളവര്‍ക്ക് അദ്ധേഹത്തെ വിളിക്കാം.

K. MADHUSUDHANAN

9539381892

സ്നേഹപൂര്‍വ്വം ഹാഫിസ് 9895057208

കൂട്ടിച്ചേര്‍ക്കല്‍ (4-5-2014)

ഇന്നുവരെ ഈ ബ്ലോഗ്‌ കണ്ടവരുടെ എണ്ണം 70,000 ആയി. ആയിരത്തില്‍ അധികം ആളുകള്‍ ഞാനുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ടു. എല്ലാവരുടെയും പ്രധാനപ്പെട്ട ആവശ്യം ഈ കട്ടയുടെ ശരിയായ സോഴ്സ് ആണ്. ശ്രീ ശശികുമാറിന്റെ കയ്യില്‍നിന്നും അഡ്രസ്‌ കിട്ടിയില്ല.

മധുരയുമായി ബിസിനസ് ബന്ധം ഉള്ളവരെക്കൊണ്ട് അന്വേഷിച്ചിട്ടും സ്ഥലം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പിന്നെ മധുരയില്‍ സ്ഥിരതാമസം ആക്കിയ എന്റെ സുഹൃത്തിന്റെ അമ്മാവന്‍ കച്ചകെട്ടി ഇറങ്ങി. മധുരയില്‍ ഇങ്ങിനെ ഒരു കമ്പനി ഇല്ലെന്നും, ഇത് തിരുപ്പൂര്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹം കണ്ടുപിടിച്ചു.

തിരുപ്പൂരിലെ കമ്പനിയുടെ അഡ്രസ്സും വിവരങ്ങളും താഴെയുള്ള ലിങ്കില്‍ ഉണ്ട്.

low-cost-home.blogspot.in

ഉപകാരപ്രദം ആയെന്നു കരുതുന്നു

സ്നേഹപൂര്‍വ്വം

ഹാഫിസ് 9895057208

LEAVE A REPLY