ടെറസ്സ് കൃഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ടെറസ്സ് കൃഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

827
0
SHARE

മട്ടുപ്പാവ് കൃഷി
പച്ചക്കറികൃഷി വീടുകളില്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന പലരും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ഞങ്ങളുടെ വീട്ടില്‍ വേണ്ടത്ര സ്ഥലമില്ല. അല്ലെങ്കില്‍ ഫ്ളാറ്റിലാണ് ജീവിക്കുന്നത്. ഒരു പ്രശ്നവുമില്ല. 300 മുതല്‍ 400 സ്ക്വയര്‍ഫീറ്റ് തുറന്ന ടെറസ്സ് ഉണ്ടെങ്കില്‍ നല്ല രീതിയില്‍ പച്ചക്കറി കൃഷിചെയ്യാം. ചെടിച്ചട്ടികളിലോ പ്ലാസ്റ്റിക് ചാക്കുകളിലോ, പഴയ ടയറിലോ ഒക്കെ മട്ടുപ്പാവില്‍ പച്ചക്കറി നടാം. പച്ചക്കറികള്‍ കൃഷിചെയ്യുന്നതിലൂടെ നമ്മുടെ വീട്ടിലുണ്ടാകുന്ന അടുക്കളമാലിന്യങ്ങള്‍ നമുക്ക് ഉപകാരപ്രദമായ രീതിയില്‍ സംസ്കരിക്കാനും സാധിക്കുന്നു.

നഗരപ്രദേശങ്ങളില്‍ മട്ടുപ്പാവില്‍ പച്ചക്കറി കൃഷിചെയ്യുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സഹായം നല്‍കിവരുന്നു. കൃഷിവകുപ്പിന്‍റെ ‘നഗരത്തില്‍ ഒരു നാട്ടിന്‍പുറം’, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍റെ ‘ഹരിതനഗരി’ തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍വഴി വീട്ടിലോ ടെറസ്സിലോ കൃഷി ചെയ്യുന്നതിന് സാന്പത്തികസഹായവും സാങ്കേതിക ഉപദേശവും ലഭിക്കുന്നു. വിത്ത്, തൈ, ചെടിച്ചട്ടികള്‍, വളങ്ങള്‍, മണ്ണിരക്കന്പോസ്റ്റ് യൂണിറ്റ് എന്നിവയും ഈ പദ്ധതികളില്‍ ലഭ്യമാക്കുന്നുണ്ട്. വി.എഫ്.പി.സി.കെ.യുടെ ഹരിതനഗരി പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കി വരുന്നുണ്ട്.

ടെറസ്സില്‍ പച്ചക്കറികൃഷി നടത്തുന്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ചെടിച്ചട്ടികള്‍, പ്ലാസ്റ്റിക് ചാക്കുകള്‍, പഴയ ടയര്‍ എന്നിവയെല്ലാം പച്ചക്കറികള്‍ വളര്‍ത്തുന്നതിനായി ഉപയോഗപ്പെടുത്താം. ഏതിലാണെങ്കിലും മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് ഇവയില്‍ നിറയ്ക്കണം. ചട്ടിയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരടി വലിപ്പമുള്ളവയെങ്കിലും എടുക്കണം. പ്ലാസ്റ്റിക് ചാക്കുകളാണെങ്കില്‍ മണ്ണുനിറയ്ക്കുന്പോള്‍ അതിന്‍റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റിവച്ചാല്‍ ചാക്ക് മറിഞ്ഞുവീഴാതിരിക്കാന്‍ നല്ലതാണ്. സാധാരണ പ്ലാസ്റ്റിക് ചാക്കുകള്‍ക്കു പുറമേ ചെടികള്‍ നടാന്‍ മാത്രമായി ഉണ്ടാക്കിയ ചാക്കുകള്‍ അഥവാ ഗ്രോബാഗുകള്‍ ഇന്നു ലഭ്യമാണ്. അവയ്ക്ക് കൂടുതല്‍ ബലം ഉണ്ടെന്നതിനുപുറമേ വശങ്ങളില്‍ ജൈവവളക്കൂട്ടുകള്‍ നിക്ഷേപിക്കാനുള്ള പോക്കറ്റുകളുമുണ്ട്.
ടെറസ്സില്‍ കൈവരിയോടുചേര്‍ത്ത് അടിയില്‍ ചുവരു വരുന്ന ഭാഗത്തിന് മുകളിലായും വരിയായി ചട്ടികളോ ചാക്കുകളോ വയ്ക്കാവുന്നതാണ്. ഇവ നേരെ തറയില്‍ വയ്ക്കുന്നതിനുപകരം രണ്ട് ഇഷ്ടികകള്‍ വെച്ച് അതിനുമുകളില്‍ വച്ചാല്‍ മഴവെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കുന്നതിനും ചെളി കെട്ടാതിരിക്കുന്നതിനും സഹായിക്കും. തുടര്‍ച്ചയായി നാലോ അഞ്ചോ തവണ ചാക്കുകളില്‍ പച്ചക്കറി നടാം. എന്നാല്‍, ചട്ടികള്‍ കൂടുതല്‍ തവണ ഉപയോഗിക്കാം. ഓരോ തവണ കൃഷി ചെയ്തശേഷവും നന്നായി മണ്ണിളക്കിക്കൊടുത്ത് ജൈവവളം ചേര്‍ത്ത് വീണ്ടും കൃഷിയിറക്കാം. ഒരേ കുടുംബത്തില്‍പ്പെട്ട വിളകളോ ഒരേയിനം വിളകളോ തുടര്‍ച്ചയായി ഒരു ചട്ടി/ചാക്കില്‍ കൃഷിചെയ്യുന്നത് ഒഴിവാക്കണം.

ടെറസ്സില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് മിതമായ നന മാത്രമേ പാടുള്ളൂ. അമിതമായി നനച്ചാല്‍ വളം ഒലിച്ചുപോകുന്നതിനിടയാക്കും. കുറച്ചു ദിവസങ്ങള്‍ തുടര്‍ച്ചയായി വീട്ടില്‍നിന്നു മാറിനില്‍ക്കേണ്ടിവരുന്ന അവസരങ്ങളില്‍ ചെടിച്ചട്ടികളില്‍ ചെറിയ പ്ലാസ്റ്റിക് കവറില്‍ വെള്ളം നിറച്ച് മൊട്ടുസൂചികൊണ്ട് ചെറിയ ദ്വാരമിട്ട് ചെടിയുടെ ചുവട്ടില്‍ വച്ചു കൊടുത്താല്‍ നിയന്ത്രിതമായ തുള്ളിനനയുമായി. ഇത് ചെടിയുടെ ചുവട്ടില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് നല്ലതാണ്. അമിതമായ നനയെപ്പോലെ രാസവളപ്രയോഗവും ടെറസ്സിലെ പച്ചക്കറികൃഷിക്ക് ഒട്ടും നല്ലതല്ല. അവ ടെറസ്സിനു കേടുവരുത്തുന്നതോടൊപ്പം ചെടിയുടെ നൈസര്‍ഗ്ഗികമായ വളര്‍ച്ചയെ തടസ്സപ്പെടുത്തും.

ടെറസ്സില്‍ പച്ചക്കറിച്ചെടികളെ ക്രമീകരിക്കുന്പോള്‍ നന്നായി സൂര്യപ്രകാശം ലഭിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്. അല്ലെങ്കില്‍ വളര്‍ച്ച കുറയുകയും ചെടികള്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്ക് വളഞ്ഞു വരുകയും ചെയ്യും

കടപ്പാട് : www.chingamasam.com

LEAVE A REPLY